Saturday, May 18, 2024

ad

Homeകവര്‍സ്റ്റോറിവിദ്യാർത്ഥി 
കുടിയേറ്റത്തിന്റെ 
രാഷ്ട്രീയം

വിദ്യാർത്ഥി 
കുടിയേറ്റത്തിന്റെ 
രാഷ്ട്രീയം

ഷബ്നം തെക്കെ പറോളി (ഗവേഷക വിദ്യാർത്ഥി, സി.ഡി.എസ്)

ന്നതവിദ്യാഭ്യാസത്തിനായി കേരളത്തിൽ നിന്നും വിദ്യർത്ഥികൾ വിദേശത്തേക്ക് പോകുന്നത് കേരളത്തിന്റെ വലിയ പോരായ്മ ആണെന്ന രീതിയിൽ വിമർശിക്കപ്പെടുന്നത് വ്യാപകമാണ്. എന്നാൽ വസ്തുത അത്തരം വിമർശനങ്ങൾക്കൊക്കെയും അപ്പുറമാണ്. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ സാഹചര്യങ്ങളെ വിശകലനം ചെയ്തുമണകൊണ്ട് മാത്രമേ വിദ്യാഭ്യാസ കുടിയേറ്റത്തെ പരിശോധിക്കാൻ സാധിക്കുകയുള്ളൂ. ദേശ- രാഷ്ട്ര താല്പര്യങ്ങളും ആഭ്യന്തരവും അന്താരാഷ്ട്രതലത്തിലുമുള്ള രാഷ്ട്രീയവും, തൊഴിലവസരങ്ങളും സാമ്പത്തിക സ്ഥിതിഗതികളും ചേർന്ന് പ്രവർത്തിക്കുന്നതാണ് കുടിയേറ്റം. കേരളത്തെ സംബന്ധിച്ച്, നമ്മുടെ വിദ്യാഭ്യാസ മേഖലയിലും സാമൂഹിക, സാമ്പത്തിക അടിത്തറയിലും സംഭവിച്ച മാറ്റങ്ങൾ വിദ്യാഭ്യാസ കുടിയേറ്റത്തിന് കാരണമായി പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്ര ഗവണ്മെന്റിന്റെ നയങ്ങളും നിലപാടുകളും അതിന് അനുയോജ്യമായ രീതിയിലല്ല ഈ കാലയളവിൽ ഉണ്ടായത്. ഇതൊരു സങ്കീർണമായ സാഹചര്യത്തിലേക്കാണ് വിദ്യാർത്ഥി കുടിയേറ്റത്തിന്റെ സ്വഭാവത്തെ എത്തിച്ചിരിക്കുന്നത്. ആ ഒരു പശ്ചാത്തലത്തിൽ വിദ്യാർത്ഥി കുടിയേറ്റത്തെ മനസ്സിലാക്കാനാണ് ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്.

1957-ലെ ആദ്യത്തെ ജനാധിപത്യ സർക്കാർ, കേരളീയ സമൂഹത്തിന്റെ ആധുനികമായ വികാസത്തെ മുന്നിൽ കണ്ടുകൊണ്ട് രൂപം നൽകിയ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയുണ്ടായി. ആ കൂട്ടത്തിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന കാര്യങ്ങളിലൊന്ന് സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും വിദ്യാഭ്യാസം സാധ്യമാവും വിധം നടപ്പിലാക്കിയ നിയമങ്ങളാണ്. മാത്രമല്ല, അതിലൂടെ കേരളീയ സാമൂഹ്യമണ്ഡലം അതിന്റെ മൂല്യബോധങ്ങളിൽ വലിയ തോതിലുള്ള പൊളിച്ചു പണിയലിന് സ്വയമേ വിധേയമാവുകയുമുണ്ടായി. മറ്റൊരർത്ഥത്തിൽ ഇന്നത്തെ കേരളം നിർമ്മിച്ചെടുക്കുന്നതിലെ വിപ്ലവകരമായ തുടക്കവും, തുടർച്ചയുമായിരുന്നു അത്. വിദ്യാഭ്യാസ കുടിയേറ്റമടക്കം ഏതൊരു വിഷയവും കേരളീയ പശ്ചാത്തലത്തിൽ ചർച്ചക്കെടുക്കുമ്പോൾ ഇയൊരു വസ്തുതയെ നിരാകരിക്കാനാവില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം പലതും അധികാരത്തിന്റെ മേൽകീഴ്ബന്ധങ്ങളുടെ സാമൂഹ്യസ്ഥാപനമായി പ്രവർത്തിക്കുന്നു എന്ന കാഴ്ചപ്പാടുകൂടി പരിഗണിക്കുമ്പോൾ പ്രത്യേകിച്ചും.

ഇന്ത്യയിലെ കേന്ദ്ര യൂണിവേഴ്സിറ്റികളിലേക്കും വിദേശത്തെ പ്രമുഖ യൂണിവേഴ്സിറ്റികളിലേക്കും ഗ്രാമങ്ങളിൽ നിന്നും, ദൈനംദിന ചെലവ് മാത്രം നടത്താൻ സാധിക്കുമായിരുന്ന കേരളത്തിലെ കുടുംബങ്ങളിൽ നിന്നും വിദ്യാർത്ഥികൾ പോകുന്നത് മലയാളികളുടെ മാറി വന്ന സാമ്പത്തിക സ്ഥിതിയും പൊതുവിദ്യാഭ്യാസത്തിന്റെ മികവും കൊണ്ടുകൂടിയാണ്. വിദ്യാഭ്യാസ കുടിയേറ്റം മലയാളികൾക്കിടയിൽ നേരത്തേ തന്നെ നടക്കുന്നുണ്ടായിരുന്നെങ്കിലും ഇന്നത് സമൂഹത്തിലെ പല വിഭാഗങ്ങൾക്കിടയിലും സാധ്യമാകുന്ന ഒരു പ്രതിഭാസമായി മാറിയിട്ടുണ്ട്. മുമ്പ് “സാമൂഹിക, സാമ്പത്തിക ശ്രേണിയിൽ’ ഉയർന്ന വിഭാഗത്തിനു മാത്രം പ്രാപ്യമായിരുന്ന വിദേശ വിദ്യാഭ്യാസം ഇന്ന് കേരളത്തിലെ മിഡിൽ ക്ലാസ് കുടുംബങ്ങളിലേക്കും എത്തിച്ചേർന്നിരിക്കുന്നു. നേരത്തേതിനേക്കാൾ സാമ്പത്തിക ഭദ്രതയുള്ള കുടുംബങ്ങൾ കൂടുതൽ കേരളത്തിൽ ഉണ്ടാകുന്നുവെന്നുള്ളതാണ് യാഥാർത്ഥ്യം. ഗൾഫ് കുടിയേറ്റം ഇത്തരത്തിലുള്ള ഒരു പ്രതിഭാസത്തിന് കാരണമായിട്ടുണ്ട്. വിദ്യാഭ്യാസത്തിനുവേണ്ടി പണം ചെലവഴിക്കുക എന്ന ആശയം പ്രവാസികൾക്കിടയിൽ രൂപപ്പെടുന്നതിന്റെ ഭാഗമായി സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം ഉപയോഗിച്ച് തങ്ങളുടെ കുട്ടികളെ വിദ്യാസമ്പന്നരാക്കുക എന്നൊരു ആശയം ഇക്കാലയളവിൽ പ്രബലമാകുന്നുണ്ട്. വിദ്യാഭ്യാസം ഒരേസമയം ഭാവിയിൽ ഒരു സാമ്പത്തിക സ്രോതസിനുള്ള മൂലധനമായി പ്രവർത്തിക്കുന്നതുപോലെ തന്നെ സാമൂഹിക അന്തസ്സിന്റെയും സാംസ്കാരിക മൂലധനത്തിന്റെയും അടിത്തറയായും കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ആ അർത്ഥത്തിൽ വിദ്യാഭ്യാസ അവസരങ്ങളെ ഒരു തലമുറയുടെ അധ്വാനത്തിലൂടെ ജനാധിപത്യവല്ക്കരിക്കാനും കയ്യെത്തിപ്പിടിക്കാനും പ്രവാസി തൊഴിലാളി കുടിയേറ്റം സഹായിച്ചിട്ടുണ്ട്. ‘ഗ്ലോബൽ നോർത്ത്’ എന്നറിയപ്പെടുന്ന മേഖലയിലേക്ക് നേരത്തേ കോട്ടയം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ നിന്നായിരുന്നു ആളുകൾ പോയിരുന്നതെങ്കിൽ, ഇന്ന് മലബാറിൽ നിന്നടക്കം കേരളത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുള്ളവരും കുടിയേറുന്നുണ്ട്. ഈ ഒരു സാഹചര്യത്തിൽ സാമൂഹികബന്ധങ്ങളുടെ അടിസ്ഥാനത്തിലുള്ള വിവരശേഖരണോപാധികൾ ഇല്ലാത്തവർ പ്രധാനമായും വിവിധ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് വിദ്യാഭ്യാസ കുടിയേറ്റം നടത്തുന്നത്. അതേസമയം പല വ്യാജ റിക്രൂട്ട്മെന്റ്- ഏജൻസികളും തെറ്റായതും അപൂർണമായതുമായ വിവരങ്ങൾ കൈമാറിയും, വ്യാജ യൂണിവേഴ്സിറ്റികളെ ഉപയോഗിച്ചുകൊണ്ടും, സാമ്പത്തിക തട്ടിപ്പ് നടത്തുന്നതും കാണാം. റിക്രൂട്ട്മെന്റ് ഏജൻസികൾ കേരളത്തിൽ ഒരു വ്യവസായമായിത്തന്നെ വളർന്നിട്ടുണ്ട്.

വിദ്യാഭ്യാസ ആവശ്യത്തിനായി വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തിൽ ചൈനയ്ക്ക് പുറകിലായി രണ്ടാം സ്ഥാനത്താണ് ഇന്ത്യ. Estimated Data of Indian students studying abroad 2022 പ്രകാരം, 13 ലക്ഷത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോയിട്ടുണ്ടെന്ന് വിദേശ മന്ത്രാലയം സൂചിപ്പിക്കുന്നു. വടക്കെ അമേരിക്ക (4,65,791), കാനഡ (1,83,310), യു. എ. ഇ (1,64,000), ആസ്ട്രേലിയ (1,00,009), യു.കെ (55,465), സൗദി അറേബ്യ (65,800), ഖത്തർ (46,000), ഒമാൻ (39,580), ജർമനി (34,864), റഷ്യ (18,039) ഫിലിപ്പെെൻസ് (15,000), കിർഗിസ്ഥാൻ (14,500) ജോർജിയ (14,000) ഫ്രാൻസ് (10,003), സിംഗപ്പൂർ (10,000) ബംഗ്ലാദേശ് (9,308), അർമേനിയ (8,016), ചൈന (6,436) ഇറ്റലി (5,897), അയർലണ്ട് (5,000), പോളണ്ട് (5,000) എന്നിങ്ങനെയാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ കുടിയേറിയ രാഷ്ട്രങ്ങളായി കണക്കാക്കപ്പെടുന്നത്. എണ്ണത്തിൽ കുറവെങ്കിലും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും ഈ കാലയളവിൽ വിദ്യാർത്ഥികൾ കുടിയേറിയിട്ടുണ്ട്.

കുടിയേറ്റ തീരുമാനം പ്രധാനമായും അക്കാദമിക നിലവാരം, ജോലി സാധ്യത, മെച്ചപ്പെട്ട ജീവിത നിലവാരം, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക അവസ്ഥ, കുടിയേറ്റ നിയമങ്ങൾ തുടങ്ങിയവയെയൊക്കെ ആശ്രയിച്ചിരിക്കുന്നു. യു.കെ വളരെ പ്രധാനമായൊരു ഡെസ്റ്റിനേഷൻ രാജ്യമായിരുന്നെങ്കിലും പുതുതായി നിലവിൽ വന്ന കുടിയേറ്റ നിയമങ്ങളിൽ ചില വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. യുകെയിലെ കോഴ്സുകൾക്ക് ഒരു കൊല്ലത്തേക്ക് വിദേശ വിദ്യാർത്ഥികളിൽ നിന്നും വാങ്ങുന്ന ഫീസ് ഏകദേശം 15 ലക്ഷത്തിനും 25 ലക്ഷത്തിനുമിടയിലാണ്. സ്കോളർഷിപ്പില്ലാതെയോ, ലോൺ എടുക്കാതെയോ ബഹുഭൂരിപക്ഷം മലയാളി വിദ്യാർത്ഥികൾക്കും അപ്രാപ്യമാകുന്ന ഫീസാണത്. യു. കെ യെക്കാൾ കുറഞ്ഞ ഫീസിൽ പഠിക്കാമെന്നുള്ളതും രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോൾ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ വിദ്യാർത്ഥികളെ ആകർഷിക്കുന്ന കുടിയേറ്റ കേന്ദ്രമായി വളർന്നു വരുന്നുണ്ട്. അതിൽ തന്നെ ജർമ്മൻ പബ്ലിക് യൂണിവേഴ്-സിറ്റികളിൽ ഫീസ് ഇല്ലാതെ പഠനം സാധ്യമാണെന്നുള്ളതുകൊണ്ട് വിദ്യാർത്ഥികൾ അങ്ങോട്ടേക്ക് വൻതോതിൽ കുടിയേറുന്നുണ്ട്. ജർമ്മനിയിലേക്ക് FSJ വിസ വഴിയും കേരളത്തിൽ നിന്ന് വിദ്യാർത്ഥികൾ ഈ കാലയളവിൽ പോയിട്ടുണ്ട്. എന്നാൽ അവിടെ അതിജീവിക്കണമെങ്കിൽ ജർമ്മൻ ഭാഷ അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഇന്ത്യയിലേക്കാളും ചുരുങ്ങിയ ഫീസിൽ വിദ്യാഭ്യാസം ലഭിക്കുന്നു എന്നതുകൊണ്ട്, കേരളത്തിൽ നിന്നും മെഡിക്കൽ എഞ്ചിനീയറിംഗ് കോഴ്സുകൾക്കായി വിദ്യാർത്ഥികൾ കിഴക്കൻ യൂറോപ്പിലെ രാജ്യങ്ങളിലേക്കും കുടിയേറുന്നുണ്ട്. അവിടുത്തെ ജോലി സാധ്യതകൾ പരിശോധിച്ച് അനുയോജ്യമായ കോഴ്സ് തെരഞ്ഞെടുത്ത് പോകുന്നവരുമുണ്ട്. ഉക്രൈൻ- – റഷ്യ യുദ്ധം നടക്കുന്ന സമയത്താണ് ഈ മേഖലയിലേക്കുള്ള കുടിയേറ്റം ചർച്ചാവിഷയമായത്. നോർക്ക റൂട്ട്സിൽ രജിസ്റ്റർ ചെയ്തതിനേക്കാളും വളരെയധികം വിദ്യാർത്ഥികൾ ആ മേഖലയിലുണ്ടെന്ന് ഓപ്പറേഷൻ ഗംഗയിലൂടെ മനസ്സിലായി. യുദ്ധത്തിന്റെ ഭാഗമായി പഠനം മുടങ്ങി തിരിച്ചു വന്ന വിദ്യാർത്ഥികളിൽ ഒരു വിഭാഗം വീണ്ടും പോളണ്ട് പോലുള്ള രാജ്യങ്ങളിലേക്ക് കുടിയേറി വിദ്യാഭ്യാസം തുടരുന്നു എന്നത് കിഴക്കൻ യൂറോപ്പ് പ്രബലമായ ഒരു കുടിയേറ്റ കേന്ദ്രമായി വളർന്നിരിക്കുന്നു എന്നാണ് കാണിക്കുന്നത്.

കിഴക്കൻ യൂറോപ്പിലേക്ക് കുടിയേറുന്ന വിദ്യാർത്ഥികൾ നേരിടുന്ന ഒരു പ്രശ്നം ഭാഷാപരമായ തടസ്സം മൂലം അവരുടെ ജോലി നേടാനുള്ള സാധ്യത കുറയുന്നുവെന്നുള്ളതാണ്. വിദ്യാഭ്യാസ സ്ഥാപനം സിറ്റി കേന്ദ്രങ്ങളിലാണെങ്കിൽ ഭാഷാപ്രശ്നം താരതമ്യേന കുറവായിരിക്കും. എന്നാൽ സിറ്റികളിൽ നിന്ന് ദൂരെയാകുന്തോറും ഭാഷാ പ്രശ്നത്തിന്റെ തീവ്രതയേറും. വിദേശ ഭാഷാ പരിശീലനത്തിനായി നോർക്കയുടെ തന്നെ ഫോറിൻ ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂഷൻ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. എന്നിരിക്കിലും ഈ സ്ഥാപനവും, നോർക്കയുടെ വിദ്യാർത്ഥി കുടിയേറ്റവുമായി ബന്ധപ്പെട്ടിട്ടുള്ള മറ്റു സേവനങ്ങളും പൊതുജനമധ്യത്തിൽ കൂടുതൽ എത്തിച്ചേരേണ്ടതുണ്ട്. സ്വകാര്യ ഏജൻസി കേന്ദ്രീകൃതമായ കുടിയേറ്റ വ്യവസ്ഥയേക്കാളും ആധികാരികമായി വിവരങ്ങൾ അറിയാൻ ഇതിലൂടെ സാധിക്കും. അതുപോലെ കുടിയേറുന്ന വിദ്യാർത്ഥികൾക്കുവേണ്ടി കൃത്യമായ പ്രീഡെസ്റ്റിനേഷൻ ഓറിയന്റേഷൻ പ്രോഗ്രാം നടത്തേണ്ടതും വളരെ പ്രധാനമാണ്. ഭാവി പഠനവും കരിയറും മുന്നിൽ കണ്ട് പോകുന്നവർക്ക് പുറമേ അതല്ലാത്ത സാധ്യതകൾ മുന്നിൽ കണ്ട് പഠനം ഒരു കുടിയേറ്റ ഉപാധിയായി സ്വീകരിക്കുന്നവരുമുണ്ട്. കിഴക്കൻ യൂറോപ്പ് തെരഞ്ഞെടുക്കുന്നതിനുള്ള കാരണങ്ങളിൽ ഒന്ന് ഷെൻഗൻ വിസയുടെ സാധ്യത കൂടിയാണ്. ഓസ്ട്രേലിയ, ന്യൂസ്-ലാന്റ് എന്നീ രാജ്യങ്ങളും ഇന്ന് വളരെ പ്രബലമായ കുടിയേറ്റ കേന്ദ്രങ്ങളാണ്. ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് വിദേശ പൗരത്വം നേടാൻ തെരഞ്ഞെടുക്കുന്ന രാജ്യങ്ങളിൽ ആസ്ട്രേലിയക്ക് മൂന്നാം സ്ഥാനമാണ്. വിദേശ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, പൗരത്വം വേണ്ടെന്നു വെച്ചവരിൽ പകുതിയിലേറേ ആളുകൾ അമേരിക്കയിലും കാനഡയിലും പൗരത്വം നേടുകയാണുണ്ടായത്.

വിദ്യാർത്ഥി കുടിയേറ്റത്തെ സംബന്ധിച്ച് ചില ആശങ്കകൾ ഇതിനോടകം തന്നെ ഉയർത്തപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ജനസംഖ്യാ നിരക്കുമായി ബന്ധപ്പെടുത്തി വിദ്യാർത്ഥി കുടിയേറ്റത്തെ ആശങ്കയോടെ സമീപിക്കുന്നവരുണ്ട്. പ്രായമേറിയ ആളുകളുടെ എണ്ണം വർദ്ധിക്കുകയും, യുവജനങ്ങളുടെ എണ്ണം കുറയുകയും, അതിൽ തന്നെ ഒരു വിഭാഗം പുറത്തേക്ക് പോകുകയും ചെയ്യുന്നത് കേരളത്തെ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലിന്റെ ഭാഗമായാണ് ഈ നിലപാട് ഉന്നയിക്കപ്പെട്ടിട്ടുള്ളത്. വിദ്യാർത്ഥികൾ വിദേശ തൊഴിൽ വിപണിയിൽ ഏർപ്പെടുമ്പോൾ പഠനസംബന്ധമായ ജോലി ലഭിക്കാതെയാകുന്നുവെന്നും വിലയിരുത്തപ്പെടുന്നുണ്ട്. പഠനസമയത്ത് കോളേജിൽ തന്നെയോ അല്ലെങ്കിൽ പുറത്തോ ജീവിത ചെലവിനായി പാർട്ട് ടൈം ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യം വിദേശ രാജ്യങ്ങളിൽ സാധാരണമാണ്. ഗിഗ് എക്കോണമി സംവിധാനവുമായി ബന്ധപ്പെട്ടിട്ടുള്ള ജോലികളും ഡെലിവറി ജോബുകളും, പാശ്ചാത്യ രാജ്യങ്ങൾ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന കെയർ വർക്ക് സംബന്ധമായ തൊഴിലുകളുമൊക്കെയാണ് വിദ്യാർത്ഥികൾ ആശ്രയിക്കാറുള്ളത്. പഠന സംബന്ധമായ തൊഴിൽ ലഭിക്കാത്ത സാഹചര്യത്തിൽ ഇന്ത്യയിലെ സ്ഥിതിവിശേഷവും വ്യത്യസ്തമല്ല. രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് തൊഴിലില്ലായ്മയും അനുബന്ധ പ്രശ്നങ്ങളും. അതു പരിഹരിക്കാനുതകുന്ന നയങ്ങൾ നിലവിലെ കേന്ദ്ര ഗവണ്മെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. ഇന്ത്യയിൽ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾ ചൂഷണങ്ങൾക്ക് ഇരയായിക്കൊണ്ട് ചെറിയ വേതനത്തിന് തൊഴിലെടുക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്.

കേരളത്തിന്റെ പരിസരത്തിൽ, കുടിയേറ്റത്തിന്റെ സാധ്യതകൾ നിലനിർത്തിക്കൊണ്ടുതന്നെ, സുരക്ഷിത തൊഴിൽ പരിസരം മുൻനിർത്തി കൂടുതൽ മെച്ചപ്പെട്ട തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന നയങ്ങൾ തുടരേണ്ടതുണ്ട്. കേരള സർക്കാരിന്റെ ലോക കേരളസഭ എന്ന ഉദ്യമം ആ അർത്ഥത്തിൽ ഫലപ്രദമായ മുന്നേറ്റമാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ വികസിപ്പിക്കുന്നതിനെ സംബന്ധിച്ച ആലോചനകൾ ഈ സാഹചര്യത്തിൽ വളരെ പ്രസക്തമാണ്. വിദ്യാഭ്യാസ കുടിയേറ്റം അറിവിന്റെയും ഗവേഷണത്തിന്റെയും സാധ്യതകൾ തുറന്നുവെക്കുന്നുണ്ട്. വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും അനുഭവസമ്പത്തുമായി തിരിച്ചു വരുന്നവരുമായി സഹകരിച്ച് വലിയ മാറ്റങ്ങൾ നമ്മുടെ വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവരാൻ സാധിക്കും. വ്യത്യസ്തമായ ശാസ്ത്രശാഖകൾ പരിചയപ്പെടുത്തിയും, യൂണിവേഴ്സിറ്റികളിൽ ഗവേഷണ കൂട്ടായ്മകൾ ഉണ്ടാക്കിയും, നൂതനാശയങ്ങൾ വികസിപ്പിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കേണ്ടത് വളരെ പ്രധാനമാണ്. വിദേശത്തെ യൂണിവേഴ്സിറ്റികളുമായി എക്സ്ചേഞ്ച് പ്രോഗ്രാമുകൾ വിപുലപ്പെടുത്തുന്നതും കേരളത്തെ സംബന്ധിച്ച പഠനങ്ങൾക്ക് ഇൻസെന്റീവ് നൽകുന്നതും വിദേശ വിദ്യാഭ്യാസം സൃഷ്ടിക്കുന്ന പുതിയ സാധ്യതകൾ ഉപയോഗിക്കുന്നതിന് നമ്മെ സഹായിക്കും. മാത്രമല്ല, വിദ്യാർത്ഥികൾക്ക് സ്വതന്ത്രമായ അന്വേഷണത്തിനും തൊഴിലിനും സമയം ലഭ്യമാക്കത്തക്ക രീതിയിൽ നാട്ടിലെ പഠനത്തിന്റെ സമയം ക്രമീകരിക്കുന്നതും ഫലപ്രദമാകും. ഇന്ത്യയിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ചെറിയ കാലയളവിലേക്ക് വിദേശത്ത് പോകാനുള്ള അവസരങ്ങളായ ഇന്റേൺഷിപ്പ്, സമ്മർ സ്കൂൾ, വിവിധ രാജ്യങ്ങൾ നൽകുന്ന ഫെല്ലോഷിപ്പുകൾ, എക്സ്ചേഞ്ച് പ്രോഗ്രാമുകൾ എന്നിവയൊക്കെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്. കേരള ഗവണ്മെന്റ് വിദേശ വിദ്യാഭ്യാസത്തിനായി സ്കോളർഷിപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. ബാങ്കുകളിൽ നിന്ന് ലോണെടുത്ത് വിദേശത്ത് പഠിക്കാൻ പോകുന്നത് വലിയ സാമ്പത്തിക ബാധ്യതയാണ് വിദ്യാർത്ഥികൾക്ക് ഉണ്ടാക്കുന്നത്. എന്നിരിക്കിലും ആ ബാധ്യത ഏറ്റെടുക്കാൻ കുടുംബവും വിദ്യാർത്ഥികളും തയ്യാറാകുന്നു എന്നുള്ളത് വളരെ പ്രധാനമായി കാണേണ്ട വിഷയമാണ്.

രാജ്യത്തെ രാഷ്ട്രീയ സാംസ്കാരിക അവസ്ഥ വിദ്യാർത്ഥികളുടെ കുടിയേറ്റ തീരുമാനങ്ങളെ സ്വാധീനിക്കുന്നവയാണ്‌. ഇന്ത്യയിലെ മാറി വന്ന രാഷ്ട്രീയ സാഹചര്യങ്ങൾ കുടിയേറ്റം ഒരു അതിജീവന ആശയമായി കരുതാൻ ഇടയാക്കിയിട്ടുണ്ട്. പഠനത്തിനാണ് പോകുന്നതെങ്കിലും തുടർന്ന് അവിടെത്തന്നെ സ്ഥിരതാമസമാക്കാനുള്ള ശ്രമം കാണാം. 2014 മുതൽ 2024 വരെയുള്ള ബി.ജെ.പി ഭരണത്തിനു കീഴിൽ അതിനെ നിരീക്ഷിച്ചുകൊണ്ടാണ് ഇന്ത്യൻ വിദ്യാർത്ഥികൾ ജീവിച്ചത്. മുമ്പില്ലാത്ത അത്രയും ആളുകൾ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളിൽ പൗരത്വം നേടുന്നുണ്ട്. രാജ്യത്ത് വർദ്ധിച്ചുവരുന്ന വർഗീയ ധ്രുവീകരണ ശ്രമങ്ങളും സി. എ. എ,- എൻ ആർ സി പോലുള്ള നിയമങ്ങളും സമൂഹത്തിൽ ആശങ്കകൾ സൃഷ്ടിക്കുന്നു. ഇന്ത്യൻ അക്കാദമിക മേഖലയിലുള്ള പല തരത്തിലുള്ള അധികാരത്തിന്റെ ശ്രേണീകരണവും വിവേചനവും, ജനാധിപത്യപരമായ സ്വതന്ത്ര അഭിപ്രായ പ്രകടനങ്ങൾ നിരന്തരം അമർച്ച ചെയ്യപ്പെടുന്നതും രാഷ്ട്രീയമായി വിദ്യാർത്ഥികളെ മറ്റു സ്ഥലങ്ങളിലേക്ക് കുടിയേറാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണ്. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഭരിക്കുന്ന ഗവണ്മെന്റിന്റെ ആശയ പ്രചാരകരായി മാറുകയും വിദ്യാർത്ഥികളുടെ സ്വതന്ത്ര അന്വേഷണങ്ങൾക്ക് തടസ്സം നിൽക്കുകയും ചെയ്യുന്നതെങ്ങനെയെന്നതിന് വർത്തമാനകാലത്ത് നിരവധി ഉദാഹരണങ്ങളുണ്ട്. വിദ്യാഭ്യാസത്തെ സ്വകാര്യവല്ക്കരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കേന്ദ്ര ഗവണ്മെന്റ് യുവജനക്ഷേമവും വിദ്യാഭ്യാസ സംബന്ധവുമായ കൃത്യമായ നയങ്ങൾ സൃഷ്ടിക്കുന്നതിൽ നിരന്തരം പരാജയപ്പെടുന്നു.

ചരിത്രപരമായി പ്രിവിലേജ്ഡ് ആയിട്ടുള്ള ഒരു അപ്പർ ക്ലാസിന് മാത്രം സാധ്യമാകുന്നതിനപ്പുറത്ത് കേരളത്തിൽ വിവിധ കാലങ്ങളിലായി നടപ്പിലായിട്ടുള്ള സാമൂഹിക മാറ്റങ്ങളുടെയും അതേ തുടർന്ന് സംഭവിച്ചിട്ടുള്ള വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെയും ഫലമായി തുടർച്ചയായി വർദ്ധിച്ച അളവിൽ വിദ്യാർത്ഥികൾ വിദേശ വിദ്യാഭ്യാസം നേടാൻ ശ്രമിക്കുന്നുണ്ട്. വിദ്യാഭ്യാസം ലഭിക്കാതിരുന്ന തലമുറയിൽ നിന്ന് അധ്വാനത്തിലൂടെ സമ്പത്ത് സൃഷ്ടിച്ച് വിദ്യാഭ്യാസത്തിന് ഉപയോഗിക്കുകയാണ് ഉണ്ടായത്. വിദ്യാഭ്യാസ കുടിയേറ്റം അപകടമാണെന്ന വിധിയെഴുതലുകൾക്ക് അപ്പുറത്ത് അങ്ങനെയൊരു സാഹചര്യം ഉണ്ടായതിന്റെ സാമൂഹ്യ ചരിത്രം കൂടി പരിശോധിച്ച് കൃത്യമായ നയങ്ങൾ നടപ്പിലാക്കുകയാണ് വേണ്ടത്. സാമ്പത്തികമായും സാമൂഹികമായും ഇപ്പോഴും മുന്നേറാൻ സാധിച്ചിട്ടില്ലാത്തവർക്കിടയിൽ സർക്കാർ അനുയോജ്യമായ നയങ്ങളോടെ ഇടപെടേണ്ടതുണ്ട്. പുരുഷാധിപത്യ ക്രമത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസ കുടിയേറ്റത്തിനുള്ള സാധ്യതകളും, സ്വതന്ത്രമായി ഇടപെടാനുള്ള സാമൂഹ്യ അവസ്ഥയുടെ പരിമിതിയും സദാചാരത്തിന്റെയും ലിംഗ വൈവിധ്യങ്ങളുടെയും പേരിൽ നേരിടുന്ന പ്രശ്നങ്ങളും തുടങ്ങി ഇന്ത്യ നേരിടുന്ന വിവിധ വിപത്തുകളെ വിദ്യാർത്ഥി കുടിയേറ്റവുമായി ബന്ധപ്പെടുത്തി അന്വേഷണ വിധേയമാക്കേണ്ടതുമുണ്ട്. പ്രവാസികളെ ചേർത്തുനിർത്തിക്കൊണ്ടുതന്നെ പ്രവാസികൾ നേരിടുന്ന വിഷയങ്ങളെ പരിശോധിക്കുന്ന ഇടതുപക്ഷ സമീപനം വിദ്യാർത്ഥി കുടിയേറ്റത്തെ മുൻനിർത്തിയുള്ള ചർച്ചകളിലും പ്രതീക്ഷ നൽകുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 + 10 =

Most Popular