Saturday, May 18, 2024

ad

Homeമുഖപ്രസംഗംമോദിയുടെ 
വിദ്വേഷ പ്രചാരണം

മോദിയുടെ 
വിദ്വേഷ പ്രചാരണം

ലോക്-സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പ്രചാരണ പ്രസംഗങ്ങളിൽ പ്രധാനമന്ത്രി തന്റെ അജൻഡയൊന്ന് മാറ്റിപ്പിടിക്കുന്നതായാണ് കാണുന്നത്. സംഘപരിവാർ നയങ്ങൾ നടപ്പിലാക്കാനായി മാത്രം മൂന്നാമൂഴവും അധികാരത്തിലെത്താൻ പെടാപ്പാടുപെടുന്ന മോദി 2004ൽ ബിജെപിക്കുണ്ടായ അനുഭവം ആവർത്തിക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് ഇപ്പോൾ പച്ചയായ വർഗീയകാർഡിറക്കി കളിക്കുന്നത്. 2019ൽ പുൽവാമയിൽ വീരചരമം പ്രാപിച്ച ധീര ജവാന്മാരുടെ ചോരയ്ക്കു വിലപറഞ്ഞ മോദി തന്റെ അഭീഷ്ട സാധ്യത്തിനായി ഏതറ്റംവരെ പോകാനും മടിക്കില്ലെന്നു നാം കണ്ടതാണ്.

കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും സിഎഎയും രാമക്ഷേത്രവുമൊന്നും ബിജെപിക്കനുകൂലമായ തരംഗമുണ്ടാക്കില്ലെന്നു കണ്ട് 2004 ലെ ‘ഇന്ത്യാ ഷെെനിങ്’ പോലെ ‘മോദിയുടെ ഗ്യാരന്റി’യുമായി പ്രത്യക്ഷപ്പെട്ടിട്ടും വാഗ്ദാന ലംഘനങ്ങളുടെ പെരുമഴക്കാലമായിരുന്നു മോദിയുടെ പത്തുവർഷമെന്ന് അനുഭവമുള്ള ജനങ്ങൾ അത്തരം വായ്-ത്താരികൾക്ക് കാര്യമായി ചെവികൊടുക്കുന്നില്ല. അതുകൊണ്ടാണ് പ്രധാനമന്ത്രി പദവിയിലെന്നല്ല, ഏതെങ്കിലും ഒരധികാര സ്ഥാനത്തുള്ള, ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടുള്ള ഒരാളും പറയാൻ പാടില്ലാത്ത വിധത്തിലുള്ള വർഗീയ വിഷം ചീറ്റിക്കൊണ്ടിരിക്കുന്നത്. രാജ്യത്ത് വിദേ-്വഷം പടർത്തി ചേരിതിരിവുണ്ടാക്കുന്നതിനെതിരെയുള്ള നിയമങ്ങളും തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങളുമൊന്നും തനിക്ക് ബാധകമല്ലെന്ന വിധം അവയെല്ലാം പിച്ചിച്ചീന്തി കാറ്റത്തു പറത്തുന്ന ക്രിമിനൽ നടപടിയാണ്, രാജ്യദ്രോഹമാണ് മോദി ചെയ്തുകൊണ്ടിരിക്കുന്നത്. അധികാരത്തിലിരിക്കാൻ അർഹനല്ല താനെന്ന് സ്വയം തെളിയിക്കുന്ന മോദിയെ തിരഞ്ഞെടുപ്പ് രംഗത്തുനിന്നു തന്നെ അകറ്റിനിർത്തുകയും കേസെടുക്കുകയും ചെയ്യാൻ അധികാരമുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ നോക്കുകുത്തിയായി നിൽക്കുന്നുവെന്നതാണ് ഇന്ന് രാജ്യം നേരിടുന്ന മറ്റൊരു ദുരന്തം. അഥവാ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളാകെ മോദി വാഴ്ചയിൽ വരിയുടയ്ക്കപ്പെട്ട അവസ്ഥയിലായിരിക്കുന്നു എന്നതാണ് സ്ഥിതി.

2006ൽ ദേശീയ വികസനസമിതി യോഗത്തിൽ ഡോ. മൻമോഹൻ സിങ് നടത്തിയ ഉദ്ഘാടന പ്രസംഗത്തിലെ ഒരു വാചകത്തിന്റെ ഏതാനും വാക്കുകൾ അടർത്തിയെടുത്താണ് മോദി തന്റെ വർഗീയ വിഷം തുപ്പിയത്. ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാൽ ഹിന്ദുക്കളായ അമ്മമാരുടെയും സഹോദരിമാരുടെയും മംഗല്യസൂത്രംപോലും സർക്കാർ പിടിച്ചെടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്നത്രെ ഹീനമായ പ്രചാരണമാണ് രാജസ്താനിലെ ബൻസ്-വാഡയിൽ നടത്തിയ പ്രസംഗത്തിൽ മോദി നടത്തിയത്. ഇന്ത്യയിലെ മുസ്ലീങ്ങൾ നുഴഞ്ഞുകയറ്റക്കാരും പെറ്റുപെരുകുന്നവരുമാണെന്ന ഹീനമായ വാക്കുകളും മോദിയുടെ വിഷം നിറഞ്ഞ നാവിൽനിന്ന് പുറത്തുവന്നു. ഹനുമാൻ ചാലിസ ചൊല്ലിയാൽ ഹിന്ദുക്കളെ പിടിച്ച് ജയിലിലടയ്ക്കുന്ന സർക്കാരായിരിക്കും ഇന്ത്യാ ചേരിയുടേതെന്ന അപവാദപ്രചാരണത്തിലൂടെയാണ് അടുത്ത ദിവസം മോദി വർഗീയ വിഷം കുത്തിവയ്ക്കാൻ ശ്രമിച്ചത്. പിന്നീട് ആ വിഷം മുറ്റിയ നാവിൽനിന്നു വന്നതാകട്ടെ, പട്ടികജാതി– പട്ടികവർഗക്കാരും ഒബിസി വിഭാഗങ്ങളും അനുഭവിക്കുന്ന സംവരണം തട്ടിയെടുത്ത് മുസ്ലീങ്ങൾക്ക് നൽകാനാണ് ഇന്ത്യാ ചേരി ജാതി സർവെ നടത്തുമെന്ന് പറയുന്നത് എന്നുമാണ്.

വിഷലിപ്തമായ ഈ വിദേ-്വഷപ്രസംഗം മോദിയിൽ ഒതുങ്ങിനിൽക്കുകയല്ല, അമിത് ഷായും യുപി മുഖ്യമന്ത്രി ആദിത്യനാഥും തുടങ്ങി താഴെതട്ടിലെ ബിജെപി പ്രവർത്തകർവരെ അതാവർത്തിച്ചുകൊണ്ടിരിക്കുകയാണ്. അതിലുമുപരി ആയിരക്കണക്കിന് സംഘപരിവാർ വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ ഗ്രാമ ഗ്രാമാന്തരങ്ങളിൽ വരെയുള്ള വീടുകളിലേക്ക് നുണയിൽ അധിഷ്ഠിതമായ ഈ വിദേ-്വഷപ്രചാരണം എത്തിച്ചിരിക്കുകയാണ്. ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന വിദേ-്വഷ കലുഷിതമായ ഒരന്തരീക്ഷത്തിൽ, ഭൂരിപക്ഷ ജനവിഭാഗം അപരമത വിദേ-്വഷത്തിൽ ജ്വലിച്ചുനിൽക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്താൽ മാത്രമേ തങ്ങൾക്ക് ലോക്-സഭാ തിരഞ്ഞെടുപ്പെന്ന കടമ്പ കടക്കാനാവൂ എന്ന മാനസികാവസ്ഥയിലാണ് മോദിയും കൂട്ടരും.

വർഗീയ വിദേ-്വഷത്തിലൂടെ ധ്രുവീകരണമുണ്ടാക്കി രാജ്യത്തെ വർഗീയകലാപത്തിന്റെയും വംശഹത്യയുടെയും വക്കിലെത്തിച്ചിരിക്കുകയാണ് ഈ കാപാലികസംഘം. വർഗീയകലാപം അഴിച്ചുവിടാൻപോലും മോദിയും കൂട്ടരും മടിക്കില്ലെന്ന അവസ്ഥയാണ് നാമിന്ന് കാണുന്നത്. 2019ൽ പുൽവാമയെന്നതുപോലെ രാജ്യത്ത് തങ്ങൾക്ക് അധികാരം പിടിക്കാനായി മനുഷ്യജീവനുകൾ കവർന്നെടുക്കാനും ചോരപ്പുഴ ഒഴുക്കാനും മടിക്കാത്ത കൂട്ടരാണ് അധികാര ദുരമൂത്ത ബിജെപി നേതൃത്വം.

ഇത്രയൊക്കെ ആയിട്ടും മോദിക്കെതിരെ ഒരു ചെറുവിരലനക്കാനെന്നല്ല, മോദിക്കെതിരായി സിപിഐ എം നൽകിയ പരാതി സ്വീകരിക്കാൻപോലും ദൽഹിയിലെ പൊലീസ് അധികാരികൾ തയ്യാറാകുന്നില്ല. മോദിയുടെയും കൂട്ടരുടെയും വിദേ-്വഷപ്രസംഗങ്ങൾ നിലവിലെ നിയമപ്രകാരം ക്രിമിനൽ കുറ്റമാണ്. എന്നിട്ടും ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്ന മോദിയെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ പോയിട്ട് തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തുനിന്നു മാറ്റിനിർത്താൻപോലും അധികാരകേന്ദ്രങ്ങൾ തയ്യാറാകുന്നില്ല എന്നതാണ് ദൗർഭാഗ്യകരം.

തിരഞ്ഞെടുപ്പിൽ കൃത്രിമം നടത്തുകയോ രാജ്യത്ത് വർഗീയ കലാപത്തിനു തീകൊളുത്തുകയോ ചെയ്യാതെ തങ്ങൾക്ക് വിജയിക്കാനാവില്ല എന്ന ആശങ്കയിലാണ് മോദിയും സംഘപരിവാർ നേതൃത്വവും. അതിന്റെ മരണപ്പിടച്ചിലാണ് മോദിയുടെ പ്രസംഗങ്ങളിൽ കാണുന്നത്. മാത്രമല്ല ജാതി സർവെ നടത്തുമെന്ന ഇന്ത്യാ ചേരിയിലെ കക്ഷികളുടെ വാഗ്ദാനംതന്നെ സംഘപരിവാറിനെ വെറളിപിടിപ്പിച്ചിരിക്കുകയാണ്. പട്ടികജാതി–പട്ടികവർഗക്കാർക്കും ഒബിസി വിഭാഗങ്ങൾക്കുമുള്ള സംവരണാനുകൂല്യം അട്ടിമറിക്കാൻ തുനിഞ്ഞു നിൽക്കുന്ന ആർഎസ്എസും ബിജെപിയും ഇപ്പോൾ ആ വിഭാഗങ്ങൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന സംവരണം മുസ്ലീങ്ങൾക്ക് മറിച്ചുനൽകാനാണ് ഇന്ത്യാ ചേരി ജാതി സർവെ നടത്തുന്നത് എന്ന മോദിയുടെ പ്രചാരണം തന്നെ പരിഹാസ്യമാണ്.

മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് പ്രകാരം ഒബിസി സംവരണം നടപ്പാക്കുന്നതിനെതിരെ സവർണ വിദ്യാർഥികളെ അണിനിരത്തി കലാപത്തിനു നേതൃത്വം നൽകിയ ബിജെപി ഇപ്പോൾ സംവരണത്തിന്റെ പേരിൽ മുതലക്കണ്ണീരൊഴുക്കുകയാണ്. രാജ്യത്തിന്റെ സമ്പത്ത് അദാനിമാർക്ക് കുത്തിച്ചോർത്തി നൽകുന്നതിനുപകരം കർഷകരും തൊഴിലാളികളും പട്ടികജാതി–പട്ടികവർഗ ഒബിസി വിഭാഗങ്ങളും മതന്യൂനപക്ഷങ്ങളും ഉൾപ്പെടെ ദരിദ്രജനതയ്ക്ക് തുല്യമായി നൽകുമെന്ന് കേൾക്കുന്നതുതന്നെ മോദിയെയും കൂട്ടരെയും വിറകൊള്ളിക്കുന്നുവെന്നാണ് മോദിയുടെ പ്രസംഗങ്ങൾ വെളിപ്പെടുത്തുന്നത്.

ഈ മഹാവിപത്തിനെതിരെ, രാജ്യത്തെ വെട്ടിമുറിക്കാനുള്ള സംഘപരിവാർ നീക്കത്തിനെതിരെ മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാനായി ജനങ്ങൾ വിധിയെഴുതാൻ ഉറച്ചുനിൽക്കുന്ന വേ‍ളയിൽ ഞങ്ങൾക്ക് പറയാനുള്ളത് ഈ ജാഗ്രത മോദി വാഴ്ചയ്ക്ക് അറുതി വരുത്തുന്നതിൽ മാത്രം ഒതുങ്ങിയാൽ പോരെന്നും സംഘപരിവാർ ഭീകരതയ്ക്കെതിരെ തെരുവിൽ ശബ്ദമുയർത്താനും തയ്യാറാകണമെന്നുമാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nineteen − 4 =

Most Popular