Saturday, May 18, 2024

ad

Homeസിനിമഫെർണാണ്ടോ സൊളാനസ്: ജീവിതവും സിനിമയും

ഫെർണാണ്ടോ സൊളാനസ്: ജീവിതവും സിനിമയും

അഖിൽ എം എസ്‌

സിനിമ പലപ്പോഴും പ്രതിരോധ മാർഗമാകുന്നുണ്ട്. കോളനി വല്‍ക്കരണത്തിന്റെ പുതിയ പതിപ്പുകളെ തടയാന്‍ ആഫ്രിക്കന്‍ ഏഷ്യന്‍ ലാറ്റിന്‍ അമേരിക്കന്‍ സിനിമകള്‍ ചെറുതല്ലാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. പ്രശസ്ത ലാറ്റിന്‍ അമേരിക്കന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സൊളാനാസ് അത്തരം പ്രതിരോധങ്ങളുടെ ഉത്തമ മാതൃകയായിരുന്നു.

ലാറ്റിനമേരിക്കൻ വിപ്ലവ പോരാട്ടങ്ങളുടെയും ആക്ടിവിസ്റ്റ് പ്രവർത്തനങ്ങളുടെയും മുൻനിരയിലുള്ള സൊളാനസ്സിനു സിനിമ പോലെ തന്നെയാണ് ജീവിതവും. അർജന്റീനിയൻ രാഷ്ട്രീയത്തിലും തന്റേതായ സാന്നിധ്യം അറിയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.

മൂന്നാം ലോകരാജ്യങ്ങളുടെ പ്രതിരോധവും മുതലാളിത്ത ക്രമത്തോടുള്ള എതിർപ്പുമെല്ലാമടങ്ങുന്ന വ്യക്തമായ രാഷ്ട്രീയമാണ് സൊളാനസ്സിന്റെ സിനിമകളുടെ പ്രത്യേകത. ഇടതുപക്ഷ അനുഭാവം കാണിക്കുന്ന ഈ ചലച്ചിത്രങ്ങൾ നവ ലിബറൽ നിയോ കൊളോണിയൽ വിഷയങ്ങളെ കൈകാര്യം ചെയ്യുന്നു.

‘the hour of the furnaces’ പോലുള്ള ഡോക്യുമെന്ററികൾ തൊണ്ണൂറുകളിൽ നിന്ന ലാറ്റിനമേരിക്കൻ അധികാരകേന്ദ്രങ്ങളുടെ ചൂഷണസാധ്യതകളെ തുറന്നു കാണിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഡോക്യുമെന്ററികൾ പലതിനും ഈ ആക്ടിവിസ്റ്റ് സ്വഭാവം ഉള്ളതിനാൽ അവ ആസ്വാദനം എന്നതലത്തിനും അപ്പുറം അദ്ദേഹത്തൈന്റെ തന്നെ രാഷ്ട്രീയ പോരാട്ടങ്ങളുടെ മാധ്യമമായി മാറുന്നുണ്ട്. സൊളാനസ്സിന്റെ sur, tango, exile of gradel, the journey തുടങ്ങിയ സിനിമകൾ നവലിബറലിസത്തിനെതിരായ ആശയങ്ങളോട് കൂടുതൽ ചേർന്ന് നിൽക്കുന്നത്.

ചലച്ചിത്രനിർമ്മാണ രീതികൾ വ്യത്യസ്തമാണെങ്കിലും, സൊളാനാസിന്റെ രാഷ്ട്രീയം എക്കാലവും ഇടതു ചേരിയിൽ തുടർന്നു, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലെ അർജന്റീനിയൻ ചരിത്രത്തിന്റെ പുനരവലോകനമാണ് സോളനാസിന്റെ സിനിമകൾ. പ്രത്യേകിച്ചും ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളികളെയും കൃഷിക്കാരെയും പ്രത്യേകമായി പരാമർശിക്കുകയും അവരുടെ പ്രാധാന്യം അദ്ദേഹം തിരിച്ചറിയുകയും ചെയ്തു. സ്വാതന്ത്ര്യലബ്ധിക്കുശേഷം രാജ്യത്തെ നയിച്ച യൂറോപ്യൻ സംസ്കാരത്തോടുള്ള പരമ്പരാഗത താൽപ്പര്യത്തിന് വിരുദ്ധമായി ഒരു ജനകീയത അതിനു കിട്ടി. തൊഴിലാളിവർഗത്തിനിടയിലെ അദ്ദേഹത്തിന്റെ ജനപ്രീതി കൂടിക്കൊണ്ടേയിരുന്നു.

തന്റെ നീണ്ട കരിയറിൽ സോളനാസ് വ്യത്യസ്തമായ രണ്ട് ഫിലിം മേക്കിംഗ് രീതികൾ അവലംബിച്ചിട്ടുണ്ട്. തീവ്രവാദവും മിതവാദവും അവിടെ ഒരുപോലെ ഇഴചേർന്നിരിക്കുന്നു. പാരമ്പര്യത്തെ വെല്ലുവിളിക്കുക, ചൂഷകരെ പ്രതിരോധിക്കുക ഒക്കെയായിരുന്നു ലക്ഷ്യങ്ങൾ. അദ്ദേഹത്തിന്റെ ഡോക്യുമെന്ററിയായ ‘ലാ പിനോ’ ഒരു ഉദാഹരണമാണ്. 1983ൽ, സൈനിക സ്വേച്ഛാധിപത്യത്തിന്റെ പതനത്തിനുശേഷം, സോളനാസ് ബ്യൂണസ് അയേഴ്സിലേക്ക് മടങ്ങി. അദ്ദേഹത്തിന്റെ അടുത്ത സിനിമകളിലെ പ്രമേയങ്ങൾ മിക്കതും പ്രവാസത്തിന്റെ ദുരിതങ്ങളും വേദനകളുമായിരുന്നു. 1985-ൽ അദ്ദേഹം ‘ടാംഗോസ്’, ‘എൽ എക്സിലിയോ ഡി ഗാർഡൽ’ പുറത്തിറക്കി. ഫ്രാൻസിൽ നിർമ്മിച്ച ഈ ചിത്രം, തീവ്രവാദത്തിൽ നിന്ന്‌ ലോക ജനത പിന്മാറണമെന്ന സന്ദേശമാണ് നൽകിയത്, രാജ്യങ്ങളുടെ സാംസ്കാരിക പശ്ചാത്തലത്തിൽ പ്രവാസത്തിന്റെ അനുഭവങ്ങളെ കുറച്ചുകൂടി വ്യത്യസ്തമായ രീതിയിൽ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞു, പ്രത്യേകിച്ചും ടാംഗോ സംഗീതവും നൃത്തവും പോലുള്ള തദ്ദേശീയ കലകളിൽ അദ്ദേഹം ആഴത്തിൽ അന്വേഷണം നടത്തി. ഈ കാലയളവിൽ കാനിൽ മികച്ച സംവിധായകനുള്ള പുരസ്കാരവും സൊളാനസ്സിനെ തേടിയെത്തി. ജീവിതത്തിലും സിനിമയെ വെല്ലുന്ന നിരവധി സംഭവങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിന്‌. 1991ൽ തന്റെ സിനിമയുടെ എഡിറ്റിങ് ജോലികൾക്ക് ശേഷം സ്റ്റുഡിയോക്ക് പുറത്തിറങ്ങിയ അദ്ദേഹത്തെ അജ്ഞാതർ അഞ്ചുതവണ നിറയൊഴിച്ചുവെങ്കിലും കീഴ്പ്പെടുത്താനായില്ല. തുടന്നും പോരാട്ടം തുടർന്ന സൊളാനസ്സിന്‌ രാഷ്ട്രീയത്തിൽ തന്റേതായ മുദ്രപതിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് പിൽക്കാല ചരിത്രം.

സൊളാനസിന്റെ ജേർണി ലോകത്തിൽ മുതലാളിത്തവ്യവസ്ഥ നിർമ്മിക്കുന്ന ഭീഷണിയെ തുറന്നു കാണിക്കുന്നുണ്ട്. 1991ൽ ഇറങ്ങിയ ജേർണി ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമായ ആഗോള താപനത്തെ പ്രവചനാത്മകമായി ചിത്രീകരിച്ചിട്ടുണ്ട്. അച്ഛനെ തേടിപ്പോകുന്ന മകൻ എന്ന ബിംബത്തിൽ ഊന്നി മറ്റനേകം ബിംബങ്ങളിലൂടെ ലാറ്റിനമേരിക്കൻ വൻകര നേരിടുന്ന പ്രതിസന്ധികളെ സൊളാനസ് ഇടതുപക്ഷ വീക്ഷണത്തിൽ അവതരിപ്പിക്കുന്നു.

മുട്ടുകാലിൽ ടെന്നീസ് കളിക്കുന്ന ജോർജ് ഡബ്ള്യൂ ബുഷിന്റെ സീൻ മതി, അമേരിക്ക അടക്കമുള്ള പാശ്ചാത്യ ശക്തികൾ തങ്ങളെ എങ്ങനെയാണ് തോല്പിക്കുന്നത് എന്ന് കാണിച്ചുതരാൻ. ലാറ്റിനമേരിക്കൻ രാജ്യങ്ങളിലൂടെയുള്ള ഒരു ദീർഘദൂര സഞ്ചാരവും അവരുടേതായ തനതു സംസ്കാരങ്ങളിലൂടെയുള്ള അന്വേഷണവുമാണ്‌ ജേർണി. വലതുപക്ഷ ചേരിയിലേക്കും മതമൗലിക വാദത്തിലേക്കും ലോകം ഒരു തിരിച്ചുപോക്ക് നടത്തുന്നതിനെയാണ് ചിത്രം തുറന്നു കാണിക്കുന്നത്.

ആഭ്യന്തര സംഘർഷങ്ങളും, യുദ്ധവും, അഭയാർത്ഥി പ്രശ്നങ്ങളും, സാമ്പത്തികരംഗത്തെ യുദ്ധങ്ങളും സാധാരണക്കാരന്റെ ജീവനെ ഏതു തരത്തിൽ ബാധിക്കുന്നു എന്നാണ് മിക്ക ഏഷ്യൻ ആഫ്രിക്കൻ ലാറ്റിനമേരിക്കൻ ചിത്രങ്ങളും കാണിച്ചു തരുന്നത്.

സാമ്രാജ്യത്വ വിരുദ്ധ മുന്നണിയിൽ നിൽക്കുന്ന പ്രസ്ഥാനങ്ങളും അതിന് നേതൃത്വം നൽകുന്ന മൂന്നാം ലോക രാജ്യങ്ങളിലെ കലാ സാംസ്കാരിക പ്രവർത്തകരും എക്കാലവും തങ്ങളുടേതായ ചെറുത്തു നിൽപ്പ് നടത്തിയിട്ടുണ്ട്. സിനിമ പലപ്പൊഴും പ്രതിരോധത്തിന്റെ ഏറ്റവും വലിയ മാർഗ്ഗമാകുന്നത് ഇങ്ങനെയാണ്.

മുഖ്യധാരാ സിനിമാ സംസ്കാരവും സമാന്തര സിനിമയുടെ സ്വഭാവവും പരിശോധിച്ചാൽ ആദ്യത്തേത് ശക്തമായ ക്യാപ്പിറ്റലിസ്റ്റ് ചിന്താഗതിയെ പിന്തുണക്കുന്നതായും ഹോളിവുഡ് സിനിമകളുടെ വ്യാവസായിക ഭാഗമാകുകയും ചെയ്യുന്നു. പ്രതിരോധം യഥാർത്ഥത്തിൽ രണ്ടാമത്തേതിൽ മാത്രമായി ഒതുങ്ങുന്നു. അവ പലപ്പോഴും സാമ്പ്രദായികമായ എല്ലാത്തിനെയും വെല്ലുവിളിക്കുന്നു. എന്തു തന്നെയായാലും അതിന് ചിലതിനെയെങ്കിലും മാറ്റിമറിക്കാൻ കഴിയുന്നുണ്ട്. ഹോളിവുഡ് സിനിമയുടെ രാഷ്ട്രീയവും സമാന്തര സിനിമയുടെ രാഷ്ട്രീയവും തമ്മിൽ നിരന്തര പോരാട്ടം നടക്കുന്നുണ്ട്. രണ്ടുവിധം ആസ്വാദകരെ മുൻനിർത്തിയുള്ള ആ പോരാട്ടം ഉണ്ടാക്കുന്ന സംവാദമാണ് പുതു സിനിമകളുടെയും ആശയങ്ങളുടെയും പിറവിക്ക് കാരണമാകുന്നതും.

2021ൽ കോവിഡ് ബാധമൂലം വിടപറയും വരെ അദ്ദേഹം തന്റെ സിനിമകളിലൂടെ പോരാട്ടം തുടർന്നുകൊണ്ടിരുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eight − five =

Most Popular